Friday 22 July 2011

ഒന്നുമില്ലാഴ്മയുടെ ലഹരി






താണ് അള്ളാഹുവി ന്റെ ഭവനം. മസ്ജിദാണ് റബ്ബിന്റെ ഭവനമെന്ന് ശരീഅത്ത്. എന്താണ് പള്ളി. നാല് ചുമരുകളാല്‍ നിസ്ക്കരിക്കാന്‍ തയ്യാറാക്കി യ കെട്ടിടം. അപ്പോള്‍ എന്താണ് നിസ്ക്കാരം. അസ്സലാത്തു മിഅ്റാജില്‍ മുഅ്മിനീന്‍. എന്താണ് മിഅ്റാജ്. അത് മുനാജാത്താകുന്നു. നേരെ നേര്‍ക്ക് മുനാജാത്തിനുള്ള ഇടമാകുന്നു മസ്ജിദ്. ഒരിരിപ്പിടത്തില്‍ ഇരുത്തുവാനോ ഒരു വീട്ടില്‍ പാര്‍പ്പിക്കുവാനോ കഴിയാത്ത, ഭാഷയിലോ രൂപത്തിലോ സ്വരൂപത്തിലോ ഉള്‍ക്കൊള്ളിക്കാനാവാത്ത, അത് എന്താണെന്ന് പറഞ്ഞാല്‍ അതല്ലാതാവുന്ന, ഒന്നിലും ചേരാത്ത എല്ലാറ്റിലും കുടി കൊള്ളുന്ന ഈ പ്രതിഭാസമെന്നോ ചൈതന്യമെന്നോ പറയാനാവാത്ത സത്യത്തിന്റെ ഭവനം എന്ന പ്രയോഗം എങ്ങിനെയാണ് വിശദീകരിക്കാനാവുക.
പ്രപഞ്ചമായ പ്രപഞ്ചങ്ങളാകെ തിങ്ങിനിറഞ്ഞ പ്രകാശമായി നിലനില്‍ക്കുന്ന, അണുക്കളുടെ അതി സൂശ്മതയില്‍ കുടികൊള്ളുന്ന, അതായി തീരുമ്പോള്‍ മാത്രം അനുഭവമായി തീരുന്ന, എന്താണായി തീര്‍ന്നതെന്ന് മനസ്സില്‍ ആവാത്ത, പ്രകാശത്തിന്റെ പ്രകാശമാകുന്നു ആ സത്യം.
കാണാക്കാഴ്ചകളിലേക്കും കേള്‍ക്കാ കേള്‍വികളിലേക്കും മണക്കാത്തമണങ്ങളിലേക്കും രുചിക്കാത്ത രുചിബേദ്യങ്ങളിലേക്കും അനുഭവിക്കാത്ത സ്പര്‍ശനങ്ങളിലേക്കും നമ്മെ കൊണ്ടെണ്ടത്തിക്കുന്ന യാത്രയാണിത്. ഇവിടെ അനുഭവമാണെന്ന് പറയാനാവില്ല. പ്രേമമെന്നോ അനുഭൂതിയെന്നോ പറയാനാവില്ല. ഒന്നുമില്ലായിമയുടെ ശുദ്ധശൂന്യതയുടെ ആകാശങ്ങളില്ലാത്ത തനി ശുദ്ധതയാകുന്നു ഈ തീരം.
സമയം നശിച്ച ഇടം.കൊണ്ടുവന്നതെല്ലാം നഷ്ടപ്പെടുന്നയിടം.അതായിമാത്രം നിലനില്‍ക്കുകയും ഒന്നുമൊന്നുമില്ലാതായി തീരുകയും ചെയ്യുന്ന മഹാ സമുദ്ര പ്രളയത്തിന്റെ അതി സാഹസികത.
സാഹസമില്ലെങ്കില്‍ ഇത് സാദ്യമല്ല തന്നെ. എല്ലാ സാഹസങ്ങള്‍ക്കുമപ്പുറമാണ് ഈ സാഹസികത. ഇത് എല്ലാറ്റില്‍ നിന്നുമുള്ള മരണമാകുന്നു. മരണം ഒരു കടമ്പയാകുന്നു. മരിക്കുവാനുള്ള ധൈര്യം. അവിടെ ഇബ്ലീസ് വിശ്വാസിയാവും. അവിടെ വഴി പിഴപ്പിക്കാനാളില്ലാതാകും. അവിടെ ആരാണ് ശത്രു. അവിടെ ആരാണ് മിത്രം. അവിടെ ആരാണ് പ്രണയഭാജനം. അവിടെ ആരാണ് അഭ്യുത കാംഷി. ആരുമാരും മുന്നില്‍ തല ഉയര്‍ത്താത്ത യുക്തിയും ബുദ്ധിയും നിശ്ചലമാകുന്ന പ്രണയത്തിന്റെ അപാരതയില്‍ അവന്‍ മാത്രം നിലനില്‍ക്കുന്ന ആ ശൂന്യതയില്‍ മരണം മിഥ്യയാവുന്ന സവിധത്തില്‍ ആ അല്‍ഭുതം സംഭവിക്കുന്നു.
ഞാന്‍ എന്ന അഹന്തയുടെ കുന്നുകള്‍ ഇടിഞ്ഞ് വീണാലെ ആ പവിത്രതക്ക് നിലനില്‍പ്പുള്ളു. കാര്യകാരണങ്ങള്‍ നശിച്ചാലെ യാതാര്‍ത്ഥ്യത്തിനെ അനുഭവിക്കാനാവൂ. തൊട്ടടുത്ത്, നിന്റെ ശ്വാസത്തിന്റെ അത്ര അടുത്ത്, നിന്റെ പ്രണയങ്ങള്‍ പൂക്കുന്ന മരപ്പൂവുകളില്‍ അവന്റെ മഹനീയത നീ എന്ത് കൊണ്ട് തിരിച്ചറിയുന്നില്ല.
ആ കിളി നാദം, ആ നാദബ്രഹ്മം, ആ ഗന്ധര്‍വ്വ സംഗീതം അലയൊലിയായി ഒഴുകുന്ന നദിയായി, സ്നേഹ മാരുദനായി, പുല്ലാങ്കുഴലായി ഹൃദയ വീചികളില്‍ ഒഴുകി പരന്ന് അനുഭവമായി വിളയുന്നത് എന്ത് കൊണ്ട് നീ അറിയാതെ പോവുന്നു.
അത് മാത്രം സത്യമായി നിലനില്‍ക്കുമ്പോള്‍ എന്തിനാണ് ഇരുട്ടില്‍ തപ്പുന്നത്. ആ പ്രകാശം പരന്നൊഴുകുമ്പോള്‍ കണ്ണടച്ചിരിക്കുന്നത് എന്ത് കൊണ്ടാണ്. പ്രണയം കൊതിച്ച് മാടി വിളിക്കുമ്പോള്‍ പ്രണയം വേണ്ടാത്ത കഠിന ഹൃദയനാവാന്‍ എങ്ങിനെ കഴിയുന്നു. കടലിന്റെ അഗാധ നീലിമയില്‍, പൂര്‍ണ്ണ ചന്ദ്രന്റെ ദിവ്യ പ്രകാശത്തില്‍, വിരിയുന്ന പുശ്പ സൌന്ദര്യത്തില്‍, നിശ്ക്കളങ്കമായ കുഞ്ഞ് പുഞ്ചിരികളില്‍ ജീവന്റെ ഓരോ തുടിപ്പിലും എന്തെ ആ സാന്നിദ്യം നീ തിരിച്ചറിയുന്നില്ല.
മൌനത്തിന്റെ അഗാധ ഗര്‍ത്തത്തില്‍ അതിമനോഹര സൌന്ദര്യമുണ്ട്. ശബ്ദം നിലക്കുന്നതും ആരംബിക്കുന്നതും മൌനത്തില്‍ നിന്നാണെന്നും മൌനം സംഗീത സാന്ദ്രമായ സമുദ്രമാണെന്നും പറഞ്ഞ് വെക്കുന്നതും ആരാണ്. പറയുന്നതും പറയിപ്പിക്കുന്നതും ഒരാള്‍ തന്നെ. കൃപയില്ലാതെ എങ്ങിനെ അക്ഷരങ്ങള്‍ തെളിയും, കാറ്റ് വീശും, കടലിളകും, പൂവിരിയും, വൈറസും ബാക്ടീരിയയും ചലിക്കും. എല്ലാം അറിവിന്റെ അറിവായതിന്റെ അങ്ങേയറ്റത്തെ അനുഭവ തീവ്രതയുടെ അനുഗ്രഹമാവുന്നു.
ഒന്നും പറയാനില്ല. എഴുതാനും. ആ ഇല്ലായിമയാണ് ഈ കുറിപ്പെഴുതിപ്പിക്കുന്നത്. അറിയാത്ത അറിവില്ലായിമയുടെ കുത്തിക്കുറിക്കലുകള്‍. അവിടെയാണ് ആശയില്ലായിമയുടെ നിരാശയില്ലായിമയുടെ ശുദ്ധത. ഏതാണാ ശുദ്ധമായ തീരം. അത് അനുഭവത്തിന്റെ കാതലായ സമുദ്രമാകുന്നു. അര്‍ത്ഥങ്ങളോ അര്‍ത്ഥരാഹിത്യങ്ങളോ നോക്കാതെ കോറിവരുന്ന അക്ഷരങ്ങളെ പകര്‍ത്തുമ്പോള്‍ വിരിയുന്ന ആശയഗതികള്‍ കാക്കത്തൊള്ളായിരം വിചാരങ്ങള്‍ ക്ഷമിക്കുമ്പോളാണ് പിറക്കുന്നത്.
ഹുബ്ബിനെക്കുറിച്ചെഴുതുന്നു. ഹുബ്ബില്‍ റബ്ബുണ്ട്. റബ്ബില്‍ ഹുബ്ബും. ഹുബ്ബുന്നബിയിലായാല്‍ റബ്ബിലായി. റബ്ബായ റബ്ബ് ഹുബ്ബായ ഹുബ്ബ് മുഹബ്ബത്ത്. മുഹബ്ബത്ത് പിന്നെ മുനാജാത്ത്. മുനാജാത്തും മുലാഖാത്തും വേണ്ടവര്‍ മുറബ്ബിയിലെത്തല്‍ നിര്‍ബന്ധം. മുറബ്ബി മുഹിബ്ബിലാണ്. മുഹിബ്ബ് ഖല്‍ബിലാണ്. ഖല്‍ബ് തുറന്നാല്‍ മുറബ്ബി അണയും. അണഞ്ഞാലെ സത്യമറിയൂ. സത്യമൊഴുകുമ്പോള്‍ താനെ ഉണ്ടാവുന്നതാണ് ഹുബ്ബ്. ഹുബ്ബ് ലങ്കും ഖല്‍ബില്‍ മംഗലം നടക്കും. മംഗലത്തില്‍ ലയനം ആവശ്യം. അപ്പോള്‍ ഫനായെന്ന നദി ഒഴുകും. നദി ഒഴുകി ബഹറില്‍ ലയിച്ചാല്‍ എടുത്ത് ചാടിയാല്‍ സര്‍വ്വം ശാന്തം.
മദീനയിലേക്ക് നടക്കണം. ചുവടുറപ്പിച്ച് വേണം മദീനയിലേക്കുള്ള യാത്ര. അടുക്കുന്തോറും ലക്ഷണങ്ങള്‍ കാണും. ഹൃദയം അണപൊട്ടും. കണ്ണുകള്‍ ഒഴുകി ഒലിക്കും. മരുഭൂമികള്‍ പച്ചപ്പ് നിറഞ്ഞ പൂന്തോട്ടങ്ങളാവും. ഖല്‍ബിലെ ബിംബങ്ങളെല്ലാം തല കുത്തി വീഴും. എത്രയോ കാലമായി ഖല്‍ബില്‍ കത്തിക്കൊണ്ടണ്ടിരിക്കുന്ന അഗ്നി കെട്ടു പോവും. എല്ലാം ശാന്തമാകുന്ന ആ സുദിനത്തില്‍ മദീനയില്‍ പ്രവേശിക്കാം. പച്ച ഖുബ്ബ. സ്വര്‍ഗ്ഗീയ പൂന്തോപ്പ്. റസൂലെന്ന ഖല്‍ബിലെ പൂങ്കനി, എന്റെ ഖല്‍ബിന്റെ പ്രണയ സഖി. ഓടിച്ചെല്ലാം. മാറത്തണക്കാം. മുത്തി മണക്കാം. പിന്നെ ഞാനില്ല. എന്റെ പുന്നാര റസൂല്‍ മാത്രം. ഹുബ്ബ് നിറഞ്ഞ ഹുബ്ബായി തീര്‍ന്ന പ്രണയം മാത്രമായി തീര്‍ന്ന ആ പരമ യാതാര്‍ത്ഥ്യം മാത്രം.
മറവി അനിവാര്യമായ സത്യമാണ്. പഠിച്ചതും അറിഞ്ഞതും മറന്ന് അറിയാത്തതും അറിയേണ്ടണ്ടതുമായ പരമ സത്യമറിഞ്ഞാല്‍ പിന്നെ മറവിയില്ല. പിന്നെ മറവി അന്യമാവേണ്ടതാണ്. മാനവ കുലത്തിന് അനുഗ്രഹമല്ലാത്തതൊന്നും നല്‍കീട്ടില്ല. സത്യവും സമത്വവും പുലരണമെങ്കില്‍ മാനവന്‍ മാനവികതയെ അറിയണം. മാനവികത മൃഗീയതയില്‍ നിന്നും മാറി മാനവികതയെന്ന അത്ഭുത പ്രതിഭാസത്തിലാണ് കുടികൊള്ളുന്നത്.
സമയം സത്യമല്ല. കാക്ക സമയത്ത് പറക്കാറില്ല. തോന്നല്‍ സമയം നോക്കി വരാറുമില്ല. കടല്‍ കാറ്റ് ഋതുബേധങ്ങള്‍ സമയ ബദ്ധിതമായി നിര്‍ണ്ണയിക്കാനുള്ള ശ്രമം പാളുന്നിടത്താണ് സത്യം പിറക്കുന്നത്.
പക്ഷെ ഇതെല്ലാം ഗണിച്ചെടുക്കുന്നിടത്തും സത്യമുണ്ട്. ഒന്നും ഒന്നിനോടും യോജിപ്പിച്ച് പറയാനാവാത്ത ഗൂഡ യാതാര്‍ത്ഥ്യമാകുന്നു സത്യം. സത്യമെന്നത് മിഥ്യയും മിഥ്യയെന്നത് സത്യവുമാകുന്ന ഇപ്പറഞ്ഞതെല്ലാം അത് തന്നെയാവുകയും അതല്ലാതാവുകയും ചെയ്യുന്ന സമസ്യകളില്‍പ്പെട്ടുലയാതെ ഇതെല്ലാം മറന്ന് ശാന്തമാകുന്നിടത്തേ സത്യമുള്ളു. എല്ലായിടത്തുമുള്ളതും സത്യം തന്നെയാണ്.

സത്യമായ സത്യ ശുദ്ധതയെ സത്യമായി തന്നെ തിരിച്ചറിഞ്ഞാലെ സത്യമെന്തന്ന് തിരിച്ചറിയൂ.
ഈ ശൂന്യതയില്‍ ആരംഭിക്കുന്നു.




No comments:

Post a Comment