Friday 15 July 2011

പരംപൊരുളിന്റെ  പ്രണയവാഗ്ദാനം   

 പ്രണയം ലഹരിയാണ്. അതില്‍ വീണലിഞ്ഞാലെ അത് അനുഭവിക്കാനാവൂ. കാറ്റിലും കടലിലും അതിന്റെ താളമുണ്ട്. മഴയിലും മഞ്ഞ് തുള്ളിയിലും അതിന്റെ ഈണമുണ്ട്. ഈ പ്രപഞ്ചമാകെയും ആ താളത്തിലാണ് നിലനില്‍ക്കുന്നത്.
    ഹൃദയം അള്ളാഹു എന്ന പ്രണയ ഭാജനത്തിന് നേരെ ലക്ഷ്യം വെക്കുമ്പോള്‍ ഉള്ളില്‍ അലയടിച്ചുയരുന്ന ദിവ്യമായ പ്രണയ ലഹരി ആസ്വദിക്കാനാവും. അത് ആലങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന സമുദ്ര ചൈതന്യമായി നമുക്ക് അനുഭവമാവും. അതിന് ലയനമാണ് അനിവാര്യത.
    ആ ലയന സൌന്ദര്യത്തിന്റെ ഏറ്റവും ആസ്വദ്യകരമായ ഉദാഹരണം റസൂലുള്ളയായിരുന്നു. ആ ജീവിതത്തിന്റെ ഓരോതുടിപ്പും ആ വിശ്വ ലയനത്തിന്റെ നിര്‍വൃതിയിലായിരുന്നു. ഓരോ വാക്കും അള്ളാഹുവിന്റെ അരുളിമയിലായിരുന്നു.
      ദിവ്യ പ്രണയത്തില്‍ ഒന്ന് മാത്രമായി തീര്‍ന്ന ആ വിശ്വപൂര്‍ണ്ണിമയുടെ ജീവിതത്തിന്റെ ഏത് ഭാഗം എടുത്താലും സമ്പൂര്‍ണ്ണമായ മനുഷ്യവളര്‍ച്ചയിലേക്കുള്ള സംസ്ക്കരണത്തിന്റെ ജീവശാസ്ത്രം ഏതൊരാള്‍ക്കും വായിച്ചെടുക്കാനാവും.
       മക്കാഖുറൈശികള്‍ റസൂലിനെ വധിക്കാന്‍ തീരുമാനിച്ച് വീട് വളഞ്ഞ അവസരം. അലി(റ)അന്‍ഹുവിനെ സ്വന്തം വിരിപ്പില്‍ കിടത്തി പുറത്തിറങ്ങിയ പ്രവാചകന്‍ ഒരു പിടി മണ്ണ് വാരി ശത്രു പക്ഷത്തേക്കെറിഞ്ഞു. മെല്ലെ കൊലയാളിക്കൂട്ടത്തിനിടയിലൂടെ നടന്ന് പോയ സംഭവത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതിങ്ങനെ.
    "നബിയെ താങ്കളാണോ മണ്ണുവാരി എറിഞ്ഞത്. താങ്കള്‍ എറിഞ്ഞപ്പോള്‍ താങ്കളല്ലാ എറിഞ്ഞത്. അത് അള്ളാഹുവാണ് എറിഞ്ഞത്."
    ഇവിടെ നബിയാണ് മണ്ണ് വാരി എറിഞ്ഞതെന്ന് എല്ലാവര്‍ക്കുമറിയാം. അള്ളാഹു പറയുന്നു. അത് താനാണ് എറിഞ്ഞതെന്ന്. ഇവിടെ പരമമായ ലയനത്തിന്റെ ഹൃദയഹാരിയായ ഉദാഹരണമാണ് അള്ളാഹു നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. നബിയുടെ കൈകൊണ്ട് എറിഞ്ഞ മണ്ണ് പരംപൊരുളായ റബ്ബാണ് എറിഞ്ഞതെന്ന്.
    ദിവ്യപ്രണയം മൃഗീയതയില്‍ നിന്നും മനുഷ്യത്ത്വത്തിലേക്കുള്ള രസതന്ത്രമാണ്. ആ രാസപരിണാമത്തിലെ ഹൃദയം ശുദ്ധീകരിക്കപ്പെടൂ. അത് ബോധത്തില്‍ നിന്നും അതിബോധത്തിലേക്കുള്ള ലയനമാണ്. അവിടെ മനുഷ്യന്‍ സ്വയം അറിയുന്നു. അവന്റെ ഉള്ളിലെ ഹൃദയ താളത്തിന്റെ സംഗീതം അവനെ കോരിത്തരിപ്പിക്കുന്നു.
    അതാണ് ഖുദുസ്സിയായ ഹദീസില്‍ റസൂല്‍(സ) നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
    "സുന്നത്തായ കര്‍മ്മങ്ങളിലൂടെ എന്റെ അടിമ എന്നിലേക്കടുക്കും. അവന്‍ ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ ഒരു മുഴമടുക്കും. അവന്‍ എന്നിലേക്ക് നടന്നടുക്കുമ്പോള്‍ ഞാനവനിലേക്ക് ഓടിയടുക്കും. ഏത് വ രെ, അവന്റെ ക്കൈയ്യുംകാലും ഞാനാകുന്നത് വരെ."
    ഇവിടെ പരംപൊരുളായ പ്രണയ സാമ്രാജ്യത്തിന്റെ വാഗ്ദാനമാണ് വായിക്കപ്പെട്ടത്. ഈ വാഗ്ദാനം ഓരോ മനുഷ്യനും ആത്മാവില്‍ സ്വീകരിക്കേണ്ട ഉണര്‍ത്തുപാട്ടാണ്. ഹൃദയത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്ന് പ്രണയം എന്ന തീവ്രമായ ഇശ്ഖ് ഉള്ളില്‍ അനുഭവിക്കാനുള്ള ഹൃദയരാഗം. അതിന്റെ പൂര്‍ത്തീകരണമാകുന്നു ഓരോ മനുഷ്യന്റെയും ജന്മ സാക്ഷാല്‍ക്കാരം..

No comments:

Post a Comment