Tuesday 6 December 2011


  നിത്യ വസന്തമായി പൂക്കുന്ന റോജ 
                                      അതാണ് ഖ്വാജാ...
മര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ജീവനാണ് ഖ്വാജാ. ഉള്ളുണര്‍വ്വിനെ ഖവാലി സംഗീതത്തിന്റെ തീവ്രതയില്‍ ദിവ്യമായ ലയനം ആസ്വദിച്ച പരിശുദ്ധതയായിരുന്നു ഖ്വാജാ.
ഒരിക്കല്‍ ഖ്വാജാ മുഈനുദ്ധീന്‍ ചിസ്തി മുഹിയുദ്ധീന്‍ ശൈഖ് തങ്ങളെ സന്ദര്‍ശിക്കാന്‍ ബഗ്ദാദിലേക്ക് ചെന്ന കഥ പ്രസിദ്ധമാണ്. ഖ്വാജായെ സ്വീകരിക്കാന്‍ അവിടത്തെ ഖവാലി ഗായകരെയെല്ലാം മുഹിയുദ്ധീന്‍ ശൈഖ് വിളിച്ച് കൂട്ടി. ശൈഖ് മുഈനുദ്ധീന്‍ ചിസ്തി സദസ്സില്‍ വന്നിരുന്നു. ഗായകര്‍ എല്ലാം മറന്ന് പാടി. ദിവ്യ സംഗീതത്തിന്റെ തരംഗങ്ങള്‍ അലയടിച്ചുയര്‍ന്നു. ആലങ്ങളില്‍ നിറഞ്ഞ സംഗീതം ആടിയുലഞ്ഞു. മുഹിയുദ്ധീന്‍ ശൈഖ് ഒരു വടി എടുത്ത് കൊണ്ടുവന്ന് നിലത്ത് കുത്തി നിര്‍ത്തി. സംഗീതം മെല്ലെ ശാന്തമായി. എന്താണ് വടി കുത്തി നിര്‍ത്തിയതിന്റെ പൊരുള്‍ എന്നാരാഞ്ഞപ്പോള്‍ മുഹിയുദ്ധീന്‍ ശൈഖ് പറഞ്ഞു. ഖവാലിയില്‍ മുഴുകിയ ഖ്വാജാ സംഗീതത്തില്‍ അലിഞ്ഞ് ആലങ്ങളുടെ ഭാഗമായി. ആ വടി കുത്തിയില്ലായിരുന്നെങ്കില്‍ ഈ ബഗ്ദാദ് നഗരം തലകുത്തിമറിയുമായിരുന്നു. 
അജ്മീര്‍ ദിവ്യ സംഗീതമാണ്.സമ്പൂര്‍ണ്ണതയിലെ സംമ്പൂര്‍ണ്ണതയാണ്. പ്രകാശത്തിന്റെ പ്രകാശവുമാണ്. വാക്കുകളില്‍ പറയാനാവാത്ത ലഹരിയുമാണ് അജ്മീര്‍. അതിന്റെ മണ്‍ തരിക്കുപോലും ശുദ്ധതയുടെ തിളക്കമാണ്. അവിടത്തെ മണം ഖ്വാജായുടേതാണ്. ഉള്ളം ശുദ്ധമായി ഏകത്ത്വത്തിലേക്ക് ഏകാകൃതപ്പെടുമ്പോള്‍ ആ പരിശുദ്ധത ആസ്വാദ്യകരമാവും. ആ ത്യാഗ സമ്പൂര്‍ണ്ണത നമ്മുടെ ഓരോ കോശങ്ങളിലും ലഹരി പടര്‍ത്തും. 
ഖ്വാജാ മുഈനുദ്ധീന്‍ ചിസ്തി തന്റെ ഗരുവായ ഉസ്മാന്‍ ഹാറൂനി (റ) വിനോടൊപ്പം കാല്‍ നൂറ്റാണ്ട് കാലം കിദുമത്തെടുത്ത് ജീവിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തെ തോളിലെടുത്ത് ഖ്വാജാ ഹജ്ജിന് പുറപ്പെടും. പാതി വഴിയില്‍, ചിലപ്പോള്‍ മക്കത്തിനടുത്തെത്തുമ്പോള്‍ നമുക്ക് തിരിച്ചു പോവാം എന്ന് ഗുരു പറയും, അപ്പോള്‍ ഖ്വാജാ തിരികെ നടക്കും. 
അങ്ങിനെ ഇരുപത്തഞ്ചാമത്തെ വര്‍ഷം ഗുരുവും ഖ്വാജായും മക്കത്ത് പ്രവേശിച്ചു. കഅബയെ ത്വവാഫ് ചെയ്യുമ്പോള്‍ ഗുരു ഖ്വാജായോട് ചോദിച്ചു. 
മുഈനെ നിനക്കെന്തെങ്കിലും ആഗ്രഹമുണ്ടോ.
ഒരാഗ്രഹമുണ്ട് ഗുരോ.
എന്താണ് പറയൂ...
എന്റെ മനസ്സില്‍ എപ്പോഴെങ്കിലും എന്റെ പ്രിയ ഗുരുവിനെ കുറിച്ച് മോശമായ ഒരു ചെറിയ ചിന്തയെങ്കിലും മുളപൊട്ടീട്ടുണ്ടെങ്കില്‍ പൊറുത്ത് തരണം.
ഗുരു അന്നേരം ഉറക്കെ വിളിച്ചു പറഞ്ഞു. റബ്ബേ നീ എന്റെ മുഈനെ എന്നെപ്പോലെയാക്കണം. 
അപ്പോള്‍ അവിടെ നിന്നും ഒരു ദിവ്യമായ ശബ്ദം മുഴങ്ങി. മുഈനെ നിന്നെപ്പോലെയാക്കിയിരിക്കുന്നു. 
എന്നേപ്പോലെയാക്കിയാല്‍ പോരാ. നിന്നെപ്പോലെയാക്കണം. അപ്പോഴും അതെ ശബ്ദം മുഴങ്ങി. എന്നെപ്പോലെയാക്കിയിരിക്കുന്നു.
ഇവിടെ പരിശുദ്ധമായ ലയനത്തില്‍ പരംപൊരുളായ ഒന്ന് മാത്രം നിലനില്‍ക്കുന്ന ദിവ്യ സൌന്ദര്യമാണ് ആസ്വദിക്കേണ്ടത്.
ക്കൈപിടിച്ച് നടത്തിക്കൊണ്ട് പോവുന്ന ഗുരു. പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിതം നീക്കി വെച്ച മാനുഷി. ജ്ഞാന സാഗരം ഒന്നില്‍ ലയിച്ച സൌന്ദര്യം. ആ സമ്പൂര്‍ണ്ണത നോക്കി നടന്നു. അജ്മീറിന്റെ ഗല്ലികളില്‍ ഒളിഞ്ഞ് കിടക്കുന്ന രഹസ്യങ്ങള്‍ കാണിച്ച് തന്ന്. മനുഷ്യ സംസ്ക്കരണത്തിന്റെ പുതിയ പാഠങ്ങള്‍ കാട്ടി, ചിസ്തിയത്തിന്റെ പ്രവിശാലമായ വാതായനങ്ങള്‍ തുറന്ന് ഗുരു പരമ്പരകളിലൂടെ ഒരു ദിവ്യ സഞ്ചാരം. 
കാലിടറുമ്പോള്‍ സ്നേഹ ശാസനകൊണ്ട് തലോടുന്ന മുഹിബ്ബ്. സ്നേഹിക്കാന്‍ മാത്രമറിയുന്ന എന്റെ അജ്മീര്‍ ഖ്വാജാ, പ്രിയ ഗൌസീ, ഗൌസിയത്തിന്റെ ദിവ്യമായ ഔശതം കൊണ്ട് അങ്ങ് എന്റെ ഹൃദയമാലിന്യങ്ങളെ കഴുകിവെടിപ്പാക്കണം.
ഖ്വാജാ അങ്ങ് ഗുരുവിനോട് പറഞ്ഞ ഒരേ ഒരു ആഗ്രഹം ഉള്ളില്‍ ബാക്കിയുണ്ട്. എപ്പോഴെങ്കിലും ഒരു നേരിയ മോശം ചിന്ത മുളപൊട്ടീട്ടുണ്ടെങ്കില്‍ പൊറുത്ത് മാപ്പാക്കണം.
എത്ര കടല്‍ കണ്ണുനീര് കൊണ്ട് കാല്‍ കഴുകിയാലും മതിവരാത്ത എന്റെ പ്രിയ ഖ്വാജാ, ഹൃദയം നിറഞ്ഞ വേദന കൊണ്ട് കേഴുകയാണ് എന്താണോ ഏതാണോ അത് പോലെ ആക്കി തീര്‍ത്താലും. 

No comments:

Post a Comment